(ആദ്യ ഭാഗത്തിന് ഇതുമായി പ്രമേയത്തിലുള്ള സാമ്യമെ ഉളളൂ. വായിച്ചിട്ടില്ലെങ്കിൽ ലിങ്ക് താഴെ കുറിക്കുന്നു
അയൺ മാൻറെ സ്യൂട്ട് ധരിച്ച് വണ്ടർ വുമണിന്റെ കൂടെ കോവളം ബീച്ചിൽ നല്ല പച്ച മലയാളത്തിൽ സംവദിച്ചിരുന്ന അയാളെ സ്വന്തം ഭാര്യയുടെ സ്വരം ആണ് യാഥാർഥ്യത്തിലേക്ക് ഉണർത്തിയത്.
'എന്ത് പറ്റി ? എന്താ ഇത്ര വെളുപ്പിന് ? ഇന്ന് ഞായറായ്ച്ച അല്ലെ?'
സമയം 9 കഴിഞ്ഞിരിക്കുന്നു.
'ശരത് ഒന്ന് പെട്ടെന്ന് എഴുന്നേക്ക്. മോൾടെ പനി കൂടീന്നാ തോന്നണേ.'
അയാൾ ഉണർന്നു. ഉറക്കത്തിന്റെ ഹാങ്ങോവർ ലവലേശം ഇല്ല.
'എഹ് നമ്മൾ ഇന്നലെ ചുക്ക് കാപ്പി ഒക്കെ കൊടുത്തതല്ലേ? കുറഞ്ഞില്ല?'
'ചുക്ക് കാപ്പി! ഞാൻ അപ്പഴേ പറഞ്ഞതാ ഒരു പാരസിറ്റമോൾ കൊടുക്കാന്ന്. നിങ്ങടെ ഒരു പ്രകൃതി ചികിത്സ.'
'അങ്ങനെ നമുക്ക് തോന്നണ പോലെ കൊടുക്കാൻ പറ്റില്ല ഈ ഇംഗ്ലീഷ് മരുന്ന്. ഒക്കേനും സൈഡ് ഇഫക്സ്റ്റാ. ഡോക്ടർ പറയണ പോലെ വേണം ചെയ്യാൻ.'
'എന്നാ വേഗം റെഡി ആവ്. അനൂപ് ഡോക്ടർ 11 മണി വരെ വീട്ടിൽ നോക്കും.'
അയാൾ വേഗം റെഡി ആയി. അര മണിക്കൂറിനുള്ളിൽ അവർ മൂവരും കാറിൽ ഡോക്ടറെ കാണാൻ പുറപ്പെട്ടു. മകളുടെ നെറ്റിയിൽ ഒരു നനഞ്ഞ തൂവാല കെട്ടിയിരുന്നു. അനൂപ് ഡോക്ടറുടെ വീട് അടുത്താണ്. കവലയിൽ നിന്ന് നേരെ ഹൈവേ വഴി പോയാൽ 15 മിനിറ്റ് ദൂരം. കവലയിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു ബൈ-പാസ്സ് വഴി പോയാൽ 10 മിനിറ്റ്.
കവലയിൽ ഒരു വഴി രണ്ടായി പിരിഞ്ഞു. അവർ ദൂരം കുറഞ്ഞ പാത തിരഞ്ഞെടുത്തു.
ബൈ-പാസ്സിൽ അസാധാരണമായ തിരക്ക് അനുഭവപ്പെട്ടു. വഴിയുടെ രണ്ട് ഭാഗത്തുമായി കൃത്യമായ ഇടവേളകളിൽ കോടികൾ നാട്ടിയിരിന്നു.
ചുവപ്പാണ്.
രണ്ടാമത്തെ വളവ് കഴിഞ്ഞപ്പോൾ ഒരു വലിയ പന്തൽ കണ്ടു.
ചുവപ്പാണ്.
അടുത്തായി സ്ഥാപിച്ചിരുന്ന വലിയ ഫ്ലക്സ് ബോർഡ് ധീര സഖാൾക്ക് വിപ്ലവാഭിവാദ്യങ്ങൾ നേരുന്നുണ്ടായിരുന്നു. ഒരു കൂട്ടം ആളുകൾ തടിച്ച് കൂടിയിട്ടുണ്ട്. സ്വാതന്ത്രത്തിൽ വിശ്വസിക്കുന്നവർ. സമത്വത്തിൽ വിശ്വസിക്കുന്നവർ. കമ്മ്യൂണിസ്റ്കൾ.
പൊതുവഴിയുടെ ഏതാണ്ട് മുക്കാൽ ഭാഗവും പന്തൽ ഏറ്റെടുത്തിട്ടുണ്ട്. ഒരു സ്കൂട്ടറിന് പോകാനുള്ള സ്ഥലം ഉണ്ടാകും. അയാൾ വണ്ടി പതിയെ സ്ലോ ചെയ്തു, തല പുറത്തേക്കിട്ട് കൊണ്ട് ആരാഞ്ഞു.
'ഇത് എത്ര നേരം കാണും?'
'ഓഹ് ഇത് ഇപ്പൊ തീരും. ജില്ലാ കമ്മിറ്റീന്ന് സഖാക്കൾ തിരിച്ചിട്ടുണ്ട്. ഉടനെ എത്തും.'
'അല്ലാ ഞങ്ങൾ ഒന്ന് ഡോക്ടറെ കാണാൻ ഇറങ്ങിയതായിരുന്നു. വൈകിയാ ആള് പോവും. നിങ്ങൾ ഇങ്ങനെ പൊതു വഴിയിൽ പന്തൽ ഒക്കെ കെട്ടുന്നത് ശരി ആണോ?'
'ഹ! ഇതിപ്പോ തീരുവെന്നേ! കാറും സൗകര്യങ്ങളും ഉള്ളവർക്ക് മാത്രം ജീവിച്ചാ പോരല്ലോ സാറേ. ആ പിന്നെ അത്ര ധൃതി ആണെങ്കിൽ ഹൈവേ വഴി വിട്ടോ.'
അയാൾക്ക് തന്റെ ഉള്ളിൽ കോപം കത്തി കയറുന്നത് പോലെ തോന്നി. മറുപടി പറയാതെ അയാൾ തന്റെ മകളുടെ കഴുത്തിൽ കൈ വെച്ച് നോക്കി. അയാളിലെ കോപത്തിനെ വെല്ലുന്ന ചൂട്. പനി ആണ് യഥാർത്ഥ കമ്മ്യൂണിസ്റ് എന്ന് അയാൾ ചിന്തിച്ചു. പനി സമത്വത്തിൽ വിശ്വസിക്കുന്നു. പനിയുടെ മുന്നിൽ പാവപ്പെട്ടവന്റെ കുട്ടി എന്നോ പണക്കാരന്റെ കുട്ടി എന്നോ ഇല്ല.
പെട്ടെന്ന് ഒരു ബഹളവും മുദ്രാവാക്യങ്ങളും കേട്ട് തുടങ്ങി. ഏതോ വലിയ നേതാവ് വന്നിരിക്കുന്നു. കൂടെ കുറെ ജനങ്ങളും.
എങ്ങും ചുവപ്പ്. ചിലർക്ക് ചുവപ്പ് കറുപ്പാണ്. പാർട്ടിയും പാർട്ടിയുടെ നിർദേശങ്ങളും കഴിഞ്ഞേ അത്തരക്കാർക്ക് മറ്റെന്തും ഉള്ളൂ. അത്തരം കുറച്ച് പേർക്ക് നടുവിലാണ് താനും തന്റെ കാറും പനി ബാധിച്ച മകളും എന്ന് അയാൾക്ക് തോന്നി. സാധാരണക്കാരന്റെ ആവശ്യങ്ങൾ അവർ ചെവി കൊള്ളണം എന്നില്ല. പ്രത്യേകിച്ച് കാറുള്ള സാധാരണക്കാരന്റെ.
ശബ്ദം നാമജപദത്തിന് മാത്രം ആയിരിക്കും. പാർട്ടിക്കാർക്ക് നാമം എന്നാൽ പാർട്ടി സൂക്തങ്ങൾ ആയിരിക്കും. 'ഇൻക്വിലാബ് സിന്ദബാദ് എന്നാണല്ലോ. 'സിന്ദാ' എന്ന് വെച്ചാൽ ജീവൻ ആണെന്നും 'ബാദ്' എന്നാൽ പിന്നീട് എന്നാണെന്നും അയാൾ ഹിന്ദി ക്ലാസ്സിൽ പഠിച്ചിട്ടുണ്ട്. നിങ്ങളൊക്കെ പിന്നെ ജീവിച്ചാ മതി എന്ന് അവരിൽ ചിലർ അയാളോട് പറയുന്നതായി അയാൾക്ക് തോന്നി.
തന്റെ കാറിന്റെ ബ്രേക്ക് ലാംപിലെ ചുവപ്പ് മാച്ച് കൊണ്ട് അയാൾ വണ്ടി തിരിച്ചു.
(തുടരും)
Comments
Post a Comment